Sunday, August 18, 2013

എന്റെ മകൻ...

ജീവിതസാഗരത്തിലെ ഓരോ തിരമാലകൾ എണ്ണിയെണ്ണി
ആ മണൽപരപ്പിൽ ഞാൻ ഇരിക്കവേ
ഒരു മുത്തുച്ചിപ്പി എന്റെ കണങ്കാൽ ഉടക്കിനിന്നു ....

കറുത്തതോടുകൾ പൊട്ടിച്ചെടുത്തത്  , തൂവെള്ള മുത്തായ  ഒരു പനിനീർപളുങ്കിനെ ....

കൈക്കുംബിളിലാക്കി നെഞ്ചോടു ചേർത്തുഞാൻ
ആ വെളിച്ചം എൻ ഹൃദയം നിറയ്ക്കവേ .....

കുഞ്ഞിക്കൈകാലുകൾ വളർന്നിടവേ ,
ചലനങ്ങൾ  വിരളമെന്നാരോ മൊഴിഞ്ഞുവോ ....

കുഞ്ഞിന്നാവിൽ തേനുംവയമ്പും ചാലിക്കവേ
വാക്കുകൾ പൂക്കില്ലയെന്നാരോ മൊഴിഞ്ഞുവോ ....

കുഞ്ഞോമനപ്പേരെടുത്തു ഞാൻ  നെഞ്ചോടു മാടിവിളിക്കവേ ...
ശബ്ദശകലങ്ങൾ ആ കർണ്ണങ്ങൾക്ക് പണ്ടേ അന്യമെന്നാരൊ  മൊഴിഞ്ഞുവോ....

മൊഴിവാക്കുകൾ കേട്ടു ഞാൻ ...നെഞ്ചുപിളർക്കുവോളം ....
സ്വപനങ്ങളും മോഹങ്ങളും കൊണ്ട് കുത്തിനിറച്ചു എന്നിട്ടീമനസ്സിനെ ...
സ്വന്തം ചെവികൾ കൊട്ടിയടച്ചുഞാൻ ,
എല്ലാമൊഴികളും പാഴ്മൊഴികൾ  ആകവേ ....

പുഴുവിൽ നിന്നും ചിത്രശലഭംപോൽ,
അവൻ വർണ്ണചിറകുകൾ വിടർത്തി വിരിഞ്ഞിതാ ....

എല്ലാന്നിറങ്ങളും ഇല്ല ശരിതന്നെ ...
എങ്കിലും പേരറിയാത്ത പുതുനിറങ്ങൾ  കണ്ടുഞ്ഞാൻ ...

എല്ലാ ശബ്ദങ്ങളും ഇല്ല ശരിതന്നെ ...
എങ്കിലും കേൾക്കാത്ത നാദവും കേൾക്കാത്ത രാഗവും
ആത്മാവിനു കുളിരാകുമാ ഗന്ധർവസംഗീതവും കേട്ടുഞാൻ

മനം മയക്കും പുഞ്ചിരിതൂകിയവൻ
"അമ്മേ " എന്നുവിളിക്കവേ ...
അത്ഭുത മാന്ത്രികൻ ആകുന്ന സൃഷ്ടിയുടെ കരവിരുത് കണ്ടുഞ്ഞാൻ ....

ധന്യമെൻ സ്ത്രീജന്മം എന്നുറക്കെ പാടവേ ...
അനന്തസാഗരത്തിലെ  തിരമാലകൾ എണ്ണി സമയം കൊല്ലുവതില്ലയിനി ഞാൻ ...

ശ്രേഷ്ഠം എൻ ജീവിതം ലക്ഷ്യപൂർണ്ണം  ആണു ഞാൻ ...
താങ്ങല്ല തണലല്ല ,
പകരം ഞാൻ തന്നെയാകുന്നു ,
അവൻ  , എന്റെ മകൻ ...........

2 comments:

  1. OMG!! This is just awesome..i guess malayalam is the language of your heart..

    ReplyDelete
    Replies
    1. You hear from your mother's womb.."our mother tongue"...I think even though I have not learnt Malayalam literally I can express well in it...feel comfortable...like being at home...

      Delete